കണ്ണൂർ: നവ കിരണം പദ്ധതിയിൽ ഉൾപ്പെട്ട് ഗതികേടിലായ കർഷകരെ രാഷ്ട്രീയമായി റീ ലൊക്കേറ്റ് ചെയ്ത് മുതലെടുക്കാൻ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമം കർഷകർക്ക് വീണ്ടും പാരയാകുന്നു. കഴിവുകേടും തരികിടയുമായി മുന്നേറുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് റീ ലൊക്കേഷൻ പദ്ധതിയുമായി നടക്കുന്നതെന്നിരിക്കെ ആരോപണം പഞ്ചായത്ത് ഭരണത്തിനെതിരെ തിരിച്ചുവിട്ട് കുറച്ച് പാവങ്ങളെ വളച്ചെടുത്ത് ചാക്കിൽ കേറ്റുക എന്ന തരികിടയാണ് കേന്ദ്ര ഭരണപ്പാർട്ടിയും സംസ്ഥാന ഭരണ പാർട്ടിയും കൊട്ടിയൂരിലെ ചപ്പമലയിൽ പയറ്റാൻ ശ്രമിക്കുന്നത്. കാട്ടുപന്നി മുതൽ കാട്ടാനവരെയും പെരുച്ചാഴി മുതൽ കടുവ വരെയും സ്ഥിരതാമസമാക്കിയ തങ്ങളുടെ കൃഷിയിടം വനം വകുപ്പിന് വിട്ടുകൊടുത്ത് രക്ഷപ്പെടാൻ വെപ്രാളപ്പെടുന്ന ദരിദ്ര കർഷകരെയാണ് രാഷ്ട്രീയ ചൂണ്ടയിട്ട് മുതലെടുക്കാൻ സി പി എമ്മും ബി ജെ പിയും ശ്രമിച്ച് കുട്ടിച്ചോറാക്കുന്നത്. അധികാര ദുർവിനിയോഗവും അഴിമതിയും കൊണ്ട് ഭരണം നടത്തുന്ന ഉദ്യോഗസ്ഥരും കൂടി തള്ളിൽ ചേർന്നതോടെ വന്യ ജീവി ശല്യത്തിൽ പെട്ട് നട്ടം തിരിയുന്ന ചപ്പമലയിലെ കർഷകർ സത്യത്തിൽ കടലിനും കാട്ടാന കൂട്ടത്തിൻ്റെ ഇടയിൽ പെട്ടവൻ്റെ അവസ്ഥയിലാണ്. വന്യ മൃഗത്തിന് മുന്നിൽ പെട്ട് നിലവിളിക്കുന്ന മനുഷ്യരുടെ കണ്ണീര് ഒപ്പുന്നതിന് മാന്യമായ വഴി സ്വീകരിക്കുന്നതിന് പകരം കണ്ണീരും നക്കിക്കുടിച്ച് രാഷ്ട്രീയം വിൽക്കാൻ ശ്രമിക്കുന്നത് എന്തൊരു ഗതികേടാണ്? വെടക്കാക്കി തനിക്കാക്കാൻ നീക്കം നടത്തുന്ന സിപിഎം ൻ്റെ സർക്കാരും ബിജെപിയുടെ സർക്കാരും തന്നെയാണ് നവ കിരണത്തിൻ്റെയും റീ ലൊക്കേഷൻ്റെയും പിതാക്കൾ എന്നിരിക്കെ പിഴച്ചു പോയ സ്വന്തം മക്കളെ വീണ്ടും പിഴപ്പിക്കാൻ ശ്രമിക്കുന്നത് പോക്കണം കേടാണ്. പിണറായിയുടെ സംസ്ഥാന സർക്കാർ നവ കിരണം എന്ന് പേര് മാറ്റിയെടുത്ത മോദി സർക്കാരിൻ്റെ മോനോ മോളോ ആണ് റീ ലൊക്കേഷൻ പദ്ധതി. കാട്ടിനു നടുവിൽ ഉള്ള ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ താമസക്കാരായ കുടുംബങ്ങൾക്ക് പണം നൽകി ഭൂമി ഏറ്റെടുത്ത് കുടിയൊഴിപ്പിക്കുന്ന പണിയാണ് മോദി സർക്കാർ ആവിഷ്കരിച്ചത്. കാടിന് നടുവിൽ കഴിയുന്നവരെ റീ ലൊക്കേറ്റ് ചെയ്യുന്നതിനുള്ള പദ്ധതി ആയതു കൊണ്ടാണ് പേര് തന്നെ റീ ലൊക്കേഷൻ എന്നാക്കിയത് . അതിൽ കുടുങ്ങി കിടക്കുന്ന പാവങ്ങളെ മുതലെടുക്കാൻ നടക്കുന്ന ബിജെപിക്കാർക്ക് പദ്ധതിയുടെ പിതൃത്വത്തെ പറ്റി വലിയ ബോധ്യമില്ല. മോദി സർക്കാരിൻ്റെ റീലൊക്കേഷനെ ആദിവാസി സമൂഹവും പരമ്പരാഗതമായി വനത്തിനുള്ളിൽ കൈവശ താമസ സ്ഥലമുള്ളവരും അത്രയ്ക്കങ്ങ് സ്വീകരിച്ചില്ല. പദ്ധതി പാളി. അതങ്ങനെ നാശം പിടിച്ചു കിടക്കുമ്പോൾ ആണ് കേരളത്തിലെ 13000 ചതുരശ്ര കിലോമീറ്റർ ഭൂമിയെ പരിസ്ഥിതി ലോലമാക്കാൻ കസ്തൂരി രംഗൻ റിപ്പോർട്ടുമായി നാക്കും നീട്ടി നടന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പദ്ധതിയുടെ ഉദ്ദേശം ഒന്ന് റീ ലൊക്കേറ്റ് ചെയ്യാൻ സാധ്യത കണ്ടെത്തിയത്. പദ്ധതിയുമായി വനംവകുപ്പിലെ തട്ടിപ്പു സംഘം സാക്ഷാൽ പിണറായി സർക്കാരിനെ സമീപിച്ചു. നാടിനെ കാടാക്കി മാറ്റാൻ കൊണ്ടു പിടിച്ചു നടക്കുന്ന മുഴുത്ത ഉദ്യോഗസ്ഥരുടെ പദ്ധതി കേട്ട് തലയിൽ തട്ടിപ്പു രാഷ്ട്രീയത്തിൻ്റെ പുതിയ കിരണം ഉദിച്ചതോടെ പിണറായി സർക്കാർ അതങ്ങ് ഏറ്റെടുത്തു. പേര് നവ കിരണം എന്നാക്കി. പാവം കർഷകർ നോക്കിയാൽ പുതിയ ഒരു ആശ്വാസ കിരണമാണെന്ന് തോന്നുകയും ഓടിയെത്തി കിരണം ഏറ്റെടുക്കുകയും ആ കിരണം തെളിയിച്ചു കൊടുത്ത പാർട്ടിയെയും തന്നെയും ചുമന്നുകൊണ്ട് നടക്കുകയും ചെയ്യണം എന്ന ബുദ്ധിയാണ് പിണറായിയും പാർട്ടിയും പ്രയോഗിച്ചത്. നല്ല പക്കാ ചതിയാണ് പക്ഷെ പൊതു സമൂഹത്തോട് ചെയ്തതെന്ന് വ്യക്തമാണ്. കാടിന് അകത്തെ ജനവാസം ഒഴിവാക്കാനുള്ള പദ്ധതിയെ കാടിനു പുറത്തുള്ള കൃഷിയിടങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതിയാക്കി മാറ്റിയ മോദി - പിണറായി സർക്കാർ ചെയ്തത് ജനവാസ കേന്ദ്രങ്ങളെ ഇല്ലാതാക്കാനും 13000 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖല സൃഷ്ടിക്കാനുംവേണ്ടി ജനത്തെ ഒറ്റിക്കൊടുക്കുന്ന പണിയാണ്. പുതിയ കണക്കനുസരിച്ച് വെറും 8500 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വനം പരിസ്ഥിതി മേഖലയായി ഉള്ളത്. കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം ആദ്യം അത് 13000 കിലോമീറ്ററായിരുന്നു. പിന്നീടത് 9993 കിലോമീറ്ററാക്കി കുറച്ചു. അത്രയും ഭൂമി 123 വില്ലേജുകളിൽ നിന്ന് സ്ഥലം കണ്ടെത്തി പരിസ്ഥിതി ലോല മാക്കുക എന്ന തട്ടിപ്പാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് നടത്തുന്നത്. അതിന് ചൂട്ടു കത്തിച്ച് തിരിയും കൊളുത്തി പടക്കം പൊട്ടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. കുറഞ്ഞത് 9993 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയുണ്ടാക്കും വരെ കസ്തൂരി രംഗൻ റിപ്പോർട്ട് പൂർണമായി നടപ്പിലാക്കില്ല. അതു കൊണ്ടാണ് ഓരോ മൂന്നു കൊല്ലം കൂടുമ്പോഴും കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ കരട് വിജ്ഞാപനവും കുറച്ച് മാപും പൊക്കി പിടിച്ച് കേന്ദ്ര സർക്കാരും അത് തട്ടിക്കളിച്ചുകൊണ്ട് സംസ്ഥാന സർക്കാരും ജനങ്ങളുടെ സ്വൈര്യ ജീവിതം താറുമാറാക്കുന്നത്. അന്തിമ ലക്ഷ്യം പഴയ 13000 കിലോമീറ്ററാണ്. അതിലേക്കെത്തിക്കാൻ ആദ്യം 1 2 3 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയാക്കുക എന്നതായിരുന്നു. പ്രതിഷേധം ഉയർന്നതോടെ അളവ് മാറ്റിപ്പിടിച്ച് 94 വില്ലേജുകൾ വരെയാക്കി കുറച്ചു. പക്ഷെ ഒടുവിൽ വില്ലേജുകളുടെ എണ്ണം 132 ആയി ഉയർന്നു. ഇനിയും കൂടുതൽ വില്ലേജുകൾ ചേർക്കപ്പെടും. കഴിഞ്ഞ 50 വർഷത്തിനിടയിൽ ലോക രാഷ്ട്രങ്ങളുടെ പാരിസ്ഥിതിക പഠനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ പദ്ധതികളാണ് ഇതെല്ലാമെങ്കിലും അത് പരീക്ഷിച്ച് പ്രാവർത്തികമാക്കുന്നതിൻ്റെ തോതും നയവും തീരുമാനിക്കേണ്ടത് അതത് രാജ്യത്തെ സർക്കാരുകളാണ്. ലോക പൈതൃക സംരക്ഷണം, ആഗോള പാരിസ്ഥിതിക സംരക്ഷണം, കാർബൺ റിഡക്ഷനുള്ള പദ്ധതികൾ എന്നിവയെല്ലാം ലോക രാഷ്ട്രങ്ങൾ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയും ഇതിലെല്ലാം പങ്കെടുക്കുന്നുണ്ട്. ദീർഘകാല പദ്ധതിയാണിവയെല്ലാം. അതിന് ഫണ്ടും ലഭിക്കും. ഇന്ത്യ പല തവണ പലയിനം ഫണ്ടുകൾ കഴിഞ്ഞ 50 വർഷത്തിനിടയിൽ വാങ്ങിയിട്ടുണ്ട്. ലോകക്രമത്തിൽ ഒപ്പമെത്താനും വികസന പാതയിൽ മുന്നേറാനും വേണ്ടി അത് ചെയ്യേണ്ടത് ബാധ്യതയാണ്. പക്ഷെ മറ്റ് രാജ്യങ്ങൾ ചെയ്യുന്നതും ഇവിടെ ഭരിക്കുന്നവർ ചെയ്യുന്നതും രണ്ട് വിധത്തിലാണ്. മറ്റിടങ്ങളിൽ പദ്ധതിയിൽ ചേരുമ്പോൾ വനമായിരുന്നതിനെ ശുദ്ധ വനമാക്കിയും കൃഷിയിടങ്ങളെ മികച്ച കൃഷിയിടങ്ങളായും മാറ്റി സംരക്ഷിച്ച് നിലനിർത്തുകയാണ് ചെയ്യുന്നത്. ഇവിടെ പക്ഷെ നേരേ തിരിച്ചാണ്. എന്ത് തട്ടിപ്പും നടത്തി നാട്ടിലെ കർഷകരെ ഓടിച്ചു വിട്ട് കൃഷിയിടം തട്ടിയെടുത്ത് വനമാക്കി മാറ്റുക, ലോക ഫണ്ടുകൾ വാങ്ങിയെടുത്ത് ഭരണം എന്ന പരിപാടി അഭിനയിച്ച് ഉന്മത്തരാകുക എന്ന പരിപാടിയാണ് നടത്തുന്നത്. അതിന് ജനത്തെ പറ്റിക്കണം. ആ പറ്റിക്കൽ പ്രസ്ഥാനത്തിൻ്റെ ഏറ്റവും മിനിയേച്ചേർ മാതൃകയാണ് കൊട്ടിയൂരിലെ ചപ്പ മലയിൽ നടത്തി കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രം അന്തിമമായി 13000 കിലോമീറ്റർ പശ്ചിമഘട്ട മേഖല സംരക്ഷിക്കണമെന്ന പദ്ധതിക്കായി ജനവാസ മേഖലകളെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി വനം പരിസ്ഥിതി വകുപ്പ് പടച്ചു വിടുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്താൻ യഥേഷ്ടം അവസരം സൃഷ്ടിക്കപ്പെടുന്നത്. അവയെ പ്രതിരോധിച്ച് കൃഷിയേയും വനത്തേയും സംരക്ഷിക്കാൻ ഇപ്പോൾ ചിലവ് ചെയ്യുന്ന പണത്തിൻ്റെ പകുതി പോലും വേണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് നിലവിലുള്ള ദുരിതാവസ്ഥ നിലനിർത്താനും വർധിപ്പിക്കാനും പ്രതിഷേധങ്ങളെ അവഗണിച്ചും തകർത്തും പദ്ധതികളുമായി സർക്കാരുകൾ മുന്നോട്ട് പോകുന്നതെന്ന് ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അത് മനസ്സിലാക്കാതിരിക്കാനാണ് രാഷ്ട്രീയം കുത്തിക്കയറ്റി വിഷയം മാറ്റിക്കുന്നത്.
കൊട്ടിയൂരിനെ മാത്രമല്ല കണ്ണൂർ ജില്ലയിലെ കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, തുടങ്ങി ചെറുവാഞ്ചേരി വരെയും മുഴക്കുന്ന്, ആറളം, അയ്യൻകുന്ന് മുതൽ കാസർഗോഡ് അതിർത്തി വരെയുള്ള നിരവധി പഞ്ചായത്തുകളെ പശ്ചിമഘട്ട പരിസ്ഥിലോല മേഖലയാക്കുക എന്നത് ഹിഡൻ അജണ്ടയാണ്. അതിനായുള്ള വിവിധ തന്ത്രങ്ങൾ ഒളിപ്പിച്ചു കടത്തുന്ന വികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പുറമേ വികസന കുതിപ്പ് എന്ന് തോന്നിപ്പിക്കും വിധത്തിൽ ഒളിപ്പിച്ചു കടത്തുന വനവൽക്കരണമാണ് നടപ്പിലാക്കുന്നത്. ആയിരം കോടി, 2000 കോടി പദ്ധതികൾ കൊണ്ടു വരുന്നു, എല്ലാ പദ്ധതിക്കും ബഫർ സോണുകൾ നിശ്ചയിക്കുന്നു, പ്രത്യേക സംരക്ഷിത മേഖലകൾ പ്രഖ്യാപിക്കുന്നു, പൊതുജന സമ്പർക്കം നിയന്ത്രിക്കാൻ നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നു. വന്യ ജീവി സങ്കേതങ്ങൾ പ്രഖ്യാപിക്കുന്നു അവയ്ക്ക് ചുറ്റും ബഫർസോണുകൾ പ്രഖ്യാപിക്കുകയും ഇടയ്ക്കിടെ അതിൻ്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്നു. ടൗൺഷിപ്പുകൾ ഇല്ലാതാക്കാൻ പല കോടികളുടെ ഉപയോഗശൂന്യാകാവുന്ന പദ്ധതികൾ ഉണ്ടാക്കുന്നു. ഒരടുക്കും ചിട്ടയും വച്ച് നാട്ടിലെ മാറ്റത്തിൻ്റെ സമീപകാല ചരിത്രം പരിശോധിച്ചാൽ മാത്രം മതി മലയോര കർഷക ജനതയെ മൂടി നിൽക്കുന്ന ദുരന്തത്തിൻ്റെ വരവ് എത്ര ഭീകരമാണെന്ന് തിരിച്ചറിയാൻ.
ചപ്പമലയിൽ വനം വകുപ്പ് ഇറക്കി ഇളക്കിവിട്ട വന്യ ജീവികൾ തങ്ങളുടെ കൈവശ കൃഷി ഭൂമിയിൽ നാശം വിതയ്ക്കുന്നത് കണ്ട് സഹിക്കാൻ കഴിയാതെയും പിടിച്ചു നിൽക്കാനാകാതെയും വന്ന് വനം വകുപ്പിന് ഭൂമി വിട്ടുകൊടുക്കാൻ സ്വയം സന്നദ്ധരായ കർഷകരാണുള്ളത്. അത്തരം കർഷകരുടെ യോഗം പഞ്ചായത്ത് ഓഫിസിൽ വിളിച്ച് ചേർത്ത്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് ചർച്ച ചെയ്തു പ്രഖ്യപിച്ചത് പ്രകാരം പക്ഷെ നടപടികൾ മുന്നോട്ട് പോയില്ല. കേന്ദ്രം ഞങ്ങളുടെ കയ്യിലാണ്, ഞങ്ങളിപ്പം തന്നെ ഡൽഹിയുമായി ബന്ധപ്പെട്ട് സംഗതി ശരിയാക്കിത്തരാമെന്ന ചൂണ്ടയിട്ടാണ് ബിജെപി രാഷ്ടീയ വിത്തിറക്കുന്നത്. വനം പരിസ്ഥിതി വകുപ്പ് കേന്ദ്രത്തിൻ്റെ നേരിട്ടുള്ള അണ്ടറിലായതിനാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കേ പ്രശ്നം തീർക്കാനാകൂ എന്ന ന്യായം. മറുവശത്തോ? ദേ ഒന്ന് തിരുവനന്തപുരം വരെ പോയി മുഖ്യമന്ത്രിയെ ഒന്നു കണ്ടാൽ മതി ചപ്പമലയിലെ മാത്രമല്ല ആഗോളതലത്തിലുള്ള സകല പ്രശ്നങ്ങളും മാറുമെന്നും കേന്ദ്രം ആര് ഭരിച്ചാലും ഇവിടെ നടപ്പിലാകില്ലെന്നും ഉള്ള ഡയലോഗ് വേറൊരു വശത്തും. പാവം കർഷകർ വെട്ടിലാകും. ഈ അവസരം മുതലെടുക്കാൻ പാർട്ടികൾ ശ്രമിക്കുന്നു. ചപ്പമലയിൽ പാർട്ടിയുടെ ഒത്താശയോടെ ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി അത് മുതലെടുത്തു. സ്വന്തം പേരിലുള്ള തുഛമായ ഭൂമി വൻ തുക വാങ്ങി വിട്ടുകൊടുക്കുകയും ഇപ്പ ശമാക്കിത്തരാം എന്ന് പറഞ്ഞ് അയൽവാസികളേയും നാട്ടുകാരെയും പദ്ധതിയിൽ ചേർത്ത് കൊടുത്ത ശേഷം സ്ഥലം വിടുകയും ചെയ്തു. വന്യമൃഗ ശല്യം കാരണം കുടിയൊഴിയാൻ സ്വയം സന്നദ്ധതരായ പാവം കർഷകരെ വെട്ടിലാക്കി വനംവകുപ്പിലെ ഉദ്യോഗസ്ഥർ നിബന്ധനകൾ വർധിപ്പിക്കുകയും നടപടികൾ തണുപ്പിക്കുകയും ചെയ്യുകയാണ്. എഴുപത്തിയഞ്ചുവർഷത്തിലധികമായി കൃഷി ചെയ്ത തെങ്ങും കമുകും കശുമാവും റബറും ഒക്കെയുള്ള ഫലപൂയീഷ്ടമായിരുന്ന ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കാൻ കഴിയാതെ ഇട്ടെറിഞ്ഞ് ഓടേണ്ടി വരുന്ന ജനതയുടെ ഉത്തരവാദിത്വം ഒരു പാർട്ടിയും ഏറ്റെടുക്കുന്നില്ല. കഴിഞ്ഞ 20 വർഷം കൊണ്ടാണ് ആ കൃഷിയിടങ്ങൾ വന്യ ജീവികളുടെ വിഹാരകേന്ദ്രമായത്. വിട്ടു പോകാൻ സ്വയം സന്നദ്ധരായതോടെ കൃഷിയിടങ്ങൾ വനമായി. വനത്തിൽ നിന്ന് ദൂരെ താമസിച്ചവർ ഭൂമി വിട്ടുകൊടുത്ത് കാശും വാങ്ങി പോയതോടെ വനത്തിനോട് ചേർന്ന്, വന സമാനമായ കൃഷിയിടത്തിലെ വീട്ടിൽ കിടക്കുന്ന മനുഷ്യരുടെ അവസ്ഥ വനത്തിന് നടുവിൽ പെട്ടവരേ പോലെയായി. ഗതികെട്ടാണവർ സമരത്തിനിറങ്ങിയത്. പഞ്ചായത്ത് പ്രസിഡൻ്റ് അവർക്കൊപ്പം നിലയുറപ്പിച്ചു. ഒടുവിൽ പഞ്ചായത്ത് ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥ- കർഷക യോഗവും നിശ്ചയിച്ചു. ആ യോഗത്തിന് പാര പണിയാനാണ് സിപിഎം ശ്രമിച്ചത്. പഞ്ചായത്തിനെ പഴിചാരി സ്വന്തം തന്ത്രമിറക്കാൻ ബി ജെ പിയും രംഗത്തുണ്ട്. കേന്ദ്രനും കേരളനും ചേർന്ന് പദ്ധതി പ്രഖ്യാപിച്ചപ്പോൾ പഞ്ചായത്തിനെ അറിയിക്കാതെ തട്ടിപ്പു കമ്മിറ്റി ഉണ്ടാക്കിയതും പണം പിരിച്ചതും എല്ലാവരേയും നൂൽപ്പാലത്തിൽ കയറ്റി വിട്ടതും സിപിഎം നേരിട്ടാണ് എന്നരിക്കെ പഴിചാരാൻ വേണ്ടി രാഷ്ട്രീയമിറക്കണ്ട എന്നാണ് കോൺഗ്രസ് നിലപാട്. പക്ഷെ പ്രശ്നം പരിഹരിച്ച് പാവം കർഷകരെ രക്ഷപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡൻ്റ് തയാറാണ്. അതിനിടയിലെ ചീഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് നീക്കം സംസ്ഥാന - കേന്ദ്ര ഭരണ സഹകരണ സംഘം തൽക്കാലം മാറ്റിവച്ച ശേഷം പഞ്ചായത്തിനൊപ്പം നിൽക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
The plights of having to relocate under the new rays of fraud….